voiceofmuziris.com

Logo 1

കോയമ്പത്തൂർ സ്വദേശിയെ മർദ്ദിച്ച് കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസില്‍ 9 പ്രതികൾ അറസ്റ്റിൽ.

Img 20240926 Wa0186

കയ്പമംഗലത്ത് ഇറീഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയെ മർദ്ദിച്ച് കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസില്‍ 9 പ്രതികൾ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി സാബിറാസ് കപ്പക്കടവ് വീട്ടിൽ മുഹമ്മദ് സാദിഖ് (59), തലശേരി തോട്ടട സ്വദേശി ബൈത്തുൾ ഷർമിന വീട്ടിൽ സലീം (54), കണ്ണൂർ അഴീക്കോട് സ്വദേശികളായ കടപ്പുറത്ത് അകത്ത് കാക്കി വീട് ഫാഇസ് (48), മുടവന്റകത്ത് വീട്ടിൽ മുജീബ് (49), തൃശൂർ അരണാട്ടുകര സ്വദേശി കാർത്തിക വീട്ടിൽ ദിലീപ് ചന്ദ്രൻ (44), ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (32), എറണാകുളം ഉദയംപേരൂർ സ്വദേശി വൈഷ്ണവം വീട്ടിൽ സുരേഷ് (48), എറിയാട് അഴീക്കോട് സ്വദേശി കുന്നിക്കുളത്ത് വീട്ടിൽ ഷിഹാബ് (40), ശ്രീനാരായണപുരം വേക്കോട് സ്വദേശി കയ്യാത്ത് വീട്ടിൽ അഭയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 23 ന് രാത്രി പതിനൊന്ന് മണിയോടെയാണ് കോയമ്പത്തൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെ മർദ്ദിച്ച് കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചത്. ഇറീഡിയം തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അരുണിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപെട്ട് പോലീസ് പറയുന്നതിങ്ങനെ.

കോടികൾ വിലമതിക്കുന്ന റേഡിയോ ആക്ടീവ് കപ്പാസിറ്റിയുള്ള ലോഹം റൈസ് പുള്ളർ അഥവ ഇറിഡിയം സത്യമംഗലം കാടുകളിൽ ആദിവാസികളുടെ കൈവശമുണ്ടെന്നും, അത് അവരിൽ നിന്നും വാങ്ങി വില്പന നടത്തിയാൽ 200 കോടി രൂപ ലാഭവിഹിതം നല്കാമെന്നും വിശ്വസിപ്പിച്ച് വാങ്ങുന്നതിനും മറ്റും ഉള്ള ചിലവിലേക്കായി കണ്ണൂർ സ്വദേശിയായ സാദിഖിൽ നിന്നും 65 ലക്ഷം രൂപ അരുണും, കൊല്ലം ചവറ സ്വദേശി ശശാങ്കനും ചേർന്ന് മാസങ്ങൾക്ക് മുന്പ് വാങ്ങിയിരുന്നു. ഇറീഡിയം ലഭിക്കാതായതോടെയും, ഇവർ തട്ടിപ്പ് നടത്തിയതായും തിരിച്ചറിഞ്ഞതോടെ സാദിഖും കൂട്ടരും 22ന് രാത്രി തൃശൂരിൽ എത്തുകയും ദിലീപ് ചന്ദ്രനുമായി ഗൂഡാലോചന നടത്തി 23 ന് രാവിലെ പുതുക്കാട് ടോൾ പ്ലാസ പരിസരത്തേക്ക് അരുണിനെയും, ശശാങ്കനെയും വിളിച്ചു വരുത്തി കാറിൽ തട്ടി കൊണ്ട് പോയി കല്ലൂർ ഭാഗത്ത് റബ്ബർ തോട്ടത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി മർദ്ദിച്ചു. അവിടെ നിന്നും വട്ടണാത്രയിലെ എസ്റ്റേറ്റിലും, വൈകീട്ടോടെ പ്രതികളിലൊരാളായ ധനേഷിന്റെ വീട്ടിലെത്തിച്ചും വീണ്ടും മർദ്ദിച്ചു. ഇവിടെ വെച്ച് അരുൺ മരണപ്പെടുകയായിരുന്നു. തുടർന്ന് പ്രതികൾ ചേർന്ന് അരുണിന്റെ മൃതദേഹം

കയ്പമംഗലം വഞ്ചിപ്പുര ഭാഗത്തേക്ക് കാറിൽ കൊണ്ടുപോയി. ഈ സമയം മർദ്ദനമേറ്റ ശശാങ്കൻ വീട്ടിൽ നിന്നും ഓടിരക്ഷപ്പെടുകയും ചെയ്തു. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് വെച്ച് ആംബുലൻസ് വിളിച്ച് വരുത്തി അരുണിന് ആക്സിഡൻറിൽ പരിക്ക് പറ്റിയെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും, തങ്ങൾ പുറകെ വന്ന് കൊള്ളാമെന്നും ആംബുലൻസ് ഡ്രൈവറെ പറഞ്ഞ് വിശ്വസിപ്പിച്ച് ആശുപത്രിയിലേക്ക് കയറ്റി വിടുകയും ചെയ്തു. ആംബുലൻസ് ഡ്രൈവർ അരുണിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പരിശോധിച്ച് മരണം സംഭവിച്ചിട്ട് കുറച്ച് നേരമായെന്ന് അറിയിച്ചതിനെ തുടർന്ന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി പരിശോധിച്ചതിൽ അസ്വാഭാവികമായ മുറിവുകൾ കണ്ടതിനെ തുടർന്ന് അരുണിനെ ആംബുലൻസിൽ കയറ്റി വിട്ടവർ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കി അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം മൃതശരീരം സ്ഥലത്ത് നിന്നും മാറ്റുന്നതിന് ഉപയോഗിച്ച കാർ തിരൂർ നിന്നും പോലീസ് കണ്ടെത്തി. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും എസ്.പി പറഞ്ഞു. കൊലപാതകം നടന്ന് നിമിഷ നേരങ്ങൾക്കുളളിൽ തന്നെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് പ്രതികളുടെ യാത്രാവിവരങ്ങൾ ശേഖരിച്ചും. തൃശൂർ റൂറൽ സൈബർ സെല്ലിൻറെ സഹായത്തോടെ പ്രതികളുടെ ലോക്കേഷനുകൾ പരിശോധിച്ച് കാര്യക്ഷമമായി നടത്തിയതിലൂടെയാണ് പ്രധാന പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതിന് സാധിച്ചതെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട അരുണിനെ ക്രൂരമായി പ്രതികൾ മർദ്ദിച്ചിരുന്നു. അരുണിന്റെ ദേഹത്ത് എഴുപതോളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തി. പ്രതികളെ വൈകീട്ട് കോടതിയിൽ ഹാജരാക്കും. കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐ മാരായ കെ.എസ്.സൂരജ്, ടി.കെ. ജെയ്സൺ, വി.എം.ബിജു, ഹരിഹരൻ, മുഹമ്മദ് സിയാദ്, വനിതാ ജി.എ.എസ്.ഐ പി.കെ.നിഷി,

എസ്.സി.പി.ഒ മാരായ മുഹമ്മദ് റാഫി, സുനിൽകുമാർ, ജ്യോതിഷ്, കെ.എൻ.പ്രിയ, സി.പി.ഒ മാരായ ഒ.എഫ്.ജോസഫ്. മുഹമ്മദ് ഫറൂഖ്, ടി.കെ.സൂരജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share this Article
0 Comments

No Comment.

Scroll to Top