കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കോയമ്പത്തൂർ സോമന്നൂർ സ്വദേശി 40 വയസ്സുള്ള ചാൾസ് ബെഞ്ചമിൻ എന്ന അരുൺ ആണ് കൊല്ലപ്പെട്ടത്.
കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. വടക്ക് ഭാഗത്ത് നിന്ന് വന്ന കാറിൽ നിന്ന് നാല് പേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ആംബുലൻസിന് പിന്നാലെ എത്താമെന്ന് പറഞ്ഞ് സംഘം മുങ്ങി. ആശുപത്രിയിലെത്തുമ്പോൾ അരുൺ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കയ്പമംഗലം പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അരുണിന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തിയത്. റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചിട്ടുള്ളതെന്നാണ് പോലീസ് നിഗമനം. കണ്ണൂർ സ്വദേശിയായ സാദിഖിൽ നിന്നും പത്ത് ലക്ഷം രൂപ, ആലപ്പുഴ സ്വദേശി ശശാങ്കൻ എന്ന ഇടനിലക്കാരൻ മുഖേന അരുൺ വാങ്ങിയിരുന്നു. ആറ് മാസം പിന്നിട്ടിട്ടും ഇടപാട് നടക്കാതിരിക്കുകയും, നൽകിയ പണം തിരിച്ചു ലഭിക്കാതായതോടെ അരുണിനെ സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ പത്ത് മണിയോടെ പാലിയേക്കരയിലേക്ക് തന്ത്രപരമായി വിളിച്ചു വരുത്തുകയായിന്നു. തുടർന്ന് ഒരു കാറിൽ അരുണിനെയും കൂട്ടി കല്ലൂരുള്ള രഹസ്യ കേന്ദ്രത്തിൽ കൊണ്ടു പോയി അരുണിനെ മർദ്ദിച്ചു. വൈകീട്ട് നാല് മണിയോടെ അരുണിനെയും ശശാങ്കനെയും കൂട്ടി ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരുള്ള സുഹൃത്ത് മുത്തു താമസിക്കുന്ന വീട്ടിൽ കൊണ്ട് വന്ന് അവിടെ വെച്ച് അരുണിനെയും, ശശാങ്കനെയും വീണ്ടും മർദ്ദിച്ചു. രാത്രി എട്ടരയോടെ അരുണിന് അനക്കമില്ലാതെ വന്നപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതിനിടെ ശശാങ്കൻ ഓടി രക്ഷപ്പെട്ടു. ഇതിനിടെ അരുണുമായി സാദിഖും സംഘവും കാറിൽ കയറി കയ്പമംഗലം ഭാഗത്തേക്ക് പോയി. സുഹൃത്തിനെ കൊണ്ട് ആംബുലൻസ് വിളിപ്പിച്ച് അരുണിനെ കയറ്റിവിട്ട് സംഘം കടന്നു കളഞ്ഞു. രക്ഷപ്പെട്ട ശശാങ്കൻ അസ്മാബി കോളേജിന് സമീപത്തുള്ള കടയിൽ കയറി മർദ്ദനമേറ്റ വിവരം അറിയിച്ചു. കടക്കാരൻ വിളിച്ചറിയിച്ചതിനെ തുടർന്ന് മതിലകം പോലീസെത്തി ശശാങ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശാങ്കനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. അരുണിന്റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ ബന്ധുക്കൾ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാനാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് സയന്റിഫിക്ക് ഉദ്യോഗസ്ഥരും, വിരലടയാള വിദഗ്ദരും പടിഞ്ഞാറെ വെമ്പല്ലൂരിലെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. പത്തോളം പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജു, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ടി.കെ.ഷൈജു എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
കണ്ണൂരിലെത്തിയ കയ്പമംഗലം പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി വരികയാണ്.
No Comment.