കൊടുങ്ങല്ലൂരില്‍ നിന്നും ബുള്ളറ്റ് മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.
കൊടുങ്ങല്ലൂരില്‍ നിന്നും ബുള്ളറ്റ് മോഷ്ടിച്ച സംഭവത്തില്‍ എടത്തിരുത്തി സ്വദേശികളുള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി സ്വദേശി മണപ്പാട്ട് ആകാശ് (32), കുട്ടമംഗലം സ്വദേശി വലിയകത്ത് നൗഫല്‍ (52), ചേര്‍പ്പ് ചെറിയ കനാല്‍ സ്വദേശി ശാങ്ങാട്ടുകര അജിത്ത് (34), ചേരാനെല്ലൂര്‍ സ്വദേശി തൃക്കൂക്കാരന്‍ റോഷന്‍ (27) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 24നായിരുന്നു സംഭവം, കൊടുങ്ങല്ലൂര്‍ ബൈപ്പാസിനടുത്ത് ജോലി ചെയ്യുന്ന മുവ്വാറ്റുപുഴ സ്വദേശിയുടെ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. പ്രതികളെ പിടിക്കാന്‍ പോലീസ് ചെന്നപ്പോള്‍ നായയെ അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സാലിം, എ എസ് ഐ ഗോപകുമാര്‍, സിപിഒ മാരായ വിഷ്ണു, ഷമീര്‍, ബിനില്‍, അബിഷ് എബ്രഹാം, വിപിന്‍ കൊല്ലാറ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.