voiceofmuziris.com

മൂന്നുപീടികയിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് എട്ട് പവൻ്റെ സ്വർണ്ണം തട്ടിയെടുത്തു

Whatsapp Image 2025 02 19 At 12.21.57 Pm

കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് യുവാവ് 8 പവൻ്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. മൂന്നുപീടിക സെൻ്ററിന് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വർണഗോപുരം ജ്വല്ലറിയിൽ ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് സംഭവം. വളയും മാലയും മോതിരവും വാങ്ങിയ ശേഷം അഞ്ച് ലക്ഷത്തി 67700 രൂപ വരുന്ന ബില്ല് നെറ്റ് ബാങ്കിലെ നെഫ്റ്റ് സംവിധാനം വഴി അടക്കുകയാണെന്ന് പറഞ്ഞ് യുവാവ് പണം അടച്ചതിൻ്റെ സ്ലിപ്പ് സ്വന്തം മൊബൈലിൽ ജ്വല്ലറി ഉടമയെ കാണിക്കുകയായിരുന്നു. നെഫ്റ്റ് ആയതിനാൽ ജ്വല്ലറിയുടെ അക്കൗണ്ടിൽ ഇതിൻ്റെ സന്ദേശം എത്താൻ വൈകുമെന്നും ഇയാൾ ജ്വല്ലറി ഉടമയെ ധരിപ്പിച്ചു. ഇത് വിശ്വസിച്ച് ഉടമ സ്വർണവുമായി യുവാവിനെ പോകാൻ അനുവദിക്കുകയായിരുന്നു. എന്നാൽ ഒരു ഒരു മണിക്കൂർ കഴിഞ്ഞിട്ടും പണം അക്കൗണ്ടിൽ എത്താതായതോടെ ഉടമ യുവാവിനെ ഫോണിൽ വിളിച്ച് ചോദിച്ചെങ്കിലും പണം ഉടൻ എത്തുമെന്നാണ് ഇയാൾ അപ്പോഴും ഉടമയോട് പറഞ്ഞത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും പണം എത്താതായത്തോടെ ഉടമ വീണ്ടും വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ബാങ്കിൽ അന്വേഷിച്ചപ്പോൾ 2 ലക്ഷത്തിൽ കൂടുതൽ നെഫ്റ്റ് വഴി അയക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ജ്വല്ലറി ഉടമ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. ജ്വല്ലറിയിൽ വന്ന യുവാവിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ആണ് പരാതി നൽകിയിട്ടുള്ളത്. കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതെ സമയം തട്ടിപ്പ് നടത്തിയ യുവാവ് ഇന്നലെ തന്നെ മൂന്നുപീടികയിലെ മറ്റൊരു കടയിലും, കൊടുങ്ങല്ലൂരിലെ മറ്റൊരു ജ്വല്ലറിയിലും തട്ടിപ്പ് നടത്താൻ ശ്രമിച്ചതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നുപീടികയിൽ ഇയാൾ ആദ്യം കയറിയ ജ്വല്ലറിയിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപയുടെ സ്വർണം വാങ്ങിയെങ്കിലും പണം നൽകാതെ ആഭരണം കൊണ്ടുപോകാൻ ജ്വല്ലറി ജീവനക്കാർ അനുവദിക്കാഞ്ഞതിനാൽ തട്ടിപ്പ് നടന്നില്ല. ഇതിന് ശേഷമാണ് തട്ടിപ്പ് നടന്ന ജ്വല്ലറിയിൽ ഇയാളെത്തിയത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.

Share this Article
0 Comments

No Comment.

Scroll to Top