വ്യാജ പെയ്മെന്റ് ആപ്പ് വഴി പണം അയച്ചതായി സ്വർണ വ്യാപാരിയെ വിശ്വസിപ്പിച്ച ശേഷം ജ്വല്ലറിയിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയ പ്രതി പിടിയിൽ.
സ്വർണം വാങ്ങിയ ശേഷം ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ വ്യാജ റസീറ്റ് കാണിച്ച് ജ്വല്ലറിയിൽ നിന്നും 8 പവന്റെ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ സംഭവത്തിലെ പ്രതികളിലൊരാളായ പേരാവൂർ സ്വദേശി കൊളവൻ ചാലിൽ അപ്പാച്ചി എന്ന് വിളിക്കുന്ന അഷറഫ് (34) ആണ് പിടിയിലായത്.
പെരിഞ്ഞനം മൂന്നു പീടികയിലെ സ്വർണ ഗോപുരം ജ്വല്ലറിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടാം തിയ്യതിയാണ് സംഭവം . പെരിഞ്ഞനം സ്വദേശിയാണെന്നും ഗൾഫിൽ ബിസിനസ്സ് നടത്തുകയാണെന്നും പരിചയപ്പെടുത്തി മാലയും, വളയും, മോതിരവും അടക്കം 8 പവന്റെ ആഭരണങ്ങളാണ് അഷറഫ് വാങ്ങിയത്. മണിക്കൂറുകളോളം കടയിൽ തങ്ങിയ ഇയാൾ ബില് തുക കടയുടമയുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി അയക്കുകയാണെന്ന് ഉടമയെ തെറ്റി ധരിപ്പിച്ച് ഇതിന്റെ റസീത് സ്വന്തം മൊബൈലിൽ കാണിച്ച് യുവാവ് ഉടമയുടെ അക്കൗണ്ടിൽ പണമെത്താൻ കുറച്ച് സമയമെടുക്കുമെന്നും പറഞ്ഞു . ഇത് വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാനനുവധിച്ചു. ഒരു മണിക്കൂറു കഴിഞ്ഞും അക്കൗണ്ടിൽ പണമെത്താതായതോടെ ഉടമ കയ്പമംഗലം പോലിസിൽ പരാതി നൽകുകയായിരുന്നു.
തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് പ്രതികൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളും ശാസ്ത്രീയമായ മാർഗ്ഗങ്ങളും തേടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പ്രതികൾ പിടിയിലായത്. പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ വിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന മോഷണത്തിനായി വന്ന കാർ പോലീസ് കണ്ടെത്തി. തുടർന്ന് വാഹനത്തെ പറ്റി നടത്തിയ അന്വേഷണം ചെന്നെത്തിയത് യഥാർഥ വാഹന ഉടമയുടെ അടുത്തായിരുന്നു. അയാൾ സിനിമാ മേഖലയിലുള്ള ഒരാൾക്ക് കാർ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് അറിഞ്ഞതോടെ അതുവഴിയായി പോലീസ് അന്വേഷണം. ഈ അന്വേഷണമാണ് ഒടുവിൽ അഷറഫിലേക്ക് എത്തിച്ചതും പിടികൂടാൻ കഴിഞ്ഞതും.
ഇവർ ഈ തട്ടിപ്പിനായി ഒരു പ്രത്യേക തരം മൊബൈൽ ആപ്പാണ് ഉപയോഗിച്ചിരുന്നത്. പേയ്മെന്റ് ചെയ്തതായി സക്രീനിൽ വ്യാജമായി കാണിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഈ ആപ്പിൽ കാണുന്ന പെയ്മെന്റ് റെസീപ്റ്റ് കാണുന്ന ജ്വല്ലറി ഉടമകൾ തങ്ങളുടെ അക്കൗണ്ടിലേക്ക് പേയ്മെന്റ് വന്നിട്ടുണ്ടെന്ന് വിശ്വസിച്ചാണ് ആഭരണങ്ങൾ നൽകുന്നതും വഞ്ചിക്കപ്പെടുന്നതും.
അഷ്റഫും മറ്റൊരു കൂട്ടാളിയുമൊന്നിച്ചാണ് തട്ടിപ്പിനായി കാർ വാടകയ്ക്കെടുത്ത് മൂന്നുപീടികയിലേക്ക് വരുന്നത്. അഷ്റഫ് തട്ടിപ്പിനു മുമ്പ് കാർ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ച ശേഷം കൂട്ടാളിയെ തട്ടിപ്പിനായി പറഞ്ഞയക്കുകയും പിന്നീട് തട്ടിപ്പ് നടത്തിയ ശേഷം തിരിച്ച് വന്ന കൂട്ടാളിയുമായി കാറിൽ രക്ഷപ്പെടുകയുമാണുണ്ടായത്. അഷ്റഫിന്റെ കൂട്ടാളിയായ പ്രതിയെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരുന്നു.
സമാന രീതിയിൽ മട്ടാഞ്ചേരിയിലും താമരശ്ശേരിയിലും തട്ടിപ്പ് നടത്തിയിരുന്നതായി പ്രതികൾ പറയുന്നുണ്ട്. അഷറഫിന് പേരാവൂർ പോലിസ് സ്റ്റേഷനിൻ 2018 ൽ മുക്കുപണ്ടം പണയം വച്ചതിന് 8 കേസുകളും, തമിഴ്നാട് ജോലാപ്പേട്ട് പോലിസ് സ്റ്റേഷനിൻ ഒരു കേസും അടക്കം 13 ഓളം കേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂൂർ ഡിവൈ.എസ്.പി.വി.കെ.രാജു, കയ്പമംഗലം ഇൻസ്പെക്ടർ കെ.ആർ.ബിജു, സബ്ബ് ഇൻസ്പെക്ടർമാരായ കെ.എസ്.സൂരജ്, മുഹമ്മദ് സിയാദ് പോലിസുകാരായ സുനിൽകുമാർ, ജ്യോതിഷ്, ഡെൻസ് മോൻ, സൈബർ വൊളണ്ടിയർ മൃദുലാൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
No Comment.